കവിതകൾ
എന്നുടയാടകളൊക്കെയുരിഞ്ഞിതാ വെല്ലുവിളിക്കുന്നു നിന്നെ, പുരുഷ, ഞാന്‍! എന്റെ പേര്‍ അക്കമഹാദേവിയെ,ന്നല്ല, ലല്ലേശ്വരിയെന്നു, കേശാംബരികളായ് ചെമ്മണ്‍വഴികളില്‍ ഭിക്ഷയ്ക്കലയുവോര്‍,* എന്നുമനന്തസ്സ്വതന്ത്രസ്സ്വരൂപികള്‍ മോഹകമീയുടലിന്നകം കാണുകില്‍ മോഹമകലും നിനക്കും ജുഗുപ്സയാല്‍! ഇങ്ങിനെ ദിക്കുടുപ്പാക്കിവരും ഞങ്ങള്‍ നിങ്ങളൊരുക്കുന്ന ന്യായപീഠങ്ങളില്‍ അപ്പൊഴേ കാമാന്ധരാകുമോ ന്യായികള്‍? അല്‍പ്പവസനകള്‍ യക്ഷികളാകുമോ? കേട്ടിരിക്കുന്നൂ തപസ്സിലും ചഞ്ചല- ചിത്തരാം ഏറെ മുനികളെപ്പറ്റി നാം: ഇത്രയെറെക്കാമം ആരേ പുരുഷന്റെ കൊച്ചുകോശങ്ങളിലാകെ നിറച്ചവന്‍? എത്രയുണ്ടാകണം എങ്കിലാ സ്രഷ്ടാവി- നിപ്രപഞ്ചം നിറഞ്ഞുള്ളോരുടലിന്റെ തൃഷ്ണ? പറയുക ഹേ വിധി ചൊല്ലിടും കൃഷ്ണ, നീ മോഷ്ടിച്ചതെത്രയോ ചേലകള്‍? നന്നായ്, നഖവും വിരലുമിപ്പാദവും കണ്ണും ചെവികളും മൂടി നടന്നിടാം: ആരും വശംവദരാകാതിരിക്കട്ടെ മോഹത്തി, നല്പ്പവസനമീ പ്രാര്‍ത്ഥന! ............................ അക്ക മഹാദേവി, ലല്ലേശ്വരി ( ലാല്‍ ദെദ്/ ലല്ലാ ആരിഫാ): മുടി കൊണ്ടു മാത്രം നഗ്നത മറച്ചു നടന്നിരുന്ന കന്നഡ- കാശ്മീരി ശൈവ കവി-സന്ന്യാസിനികള്‍. സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുള്ള ഒരു സമീപകാല വിധിന്യായം ഓര്‍ത്തു എഴുതിയത്.
ബുദ്ധനെക്കാണുവാന്‍ പോകുമ്പോള്‍ ഞാനായി കൃഷ്ണനെക്കണ്ട കുചേലന്‍. എന്റെയവില്‍പ്പൊതി കണ്ടപാടേയൊരു നുള്ളാത്തിരുവായിലിട്ടു ചെന്നൂ തിരിച്ചു ഞാന്‍ വീടിരുന്നേടത്തു കണ്ടതോ,കൂറ്റനരയാല്‍ അന്നതിന്‍ ചോട്ടിലായ് വാസ,മെന്‍ വാക്കുകള്‍ പൊന്നായി മാറും വരേയ്ക്കും പിന്നെയലഞ്ഞു ഞാന്‍ തംബുരു നെഞ്ചേറ്റി എന്‍ പാട്ടുമായുലകെങ്ങും എന്നാലുമെപ്പൊഴും വന്നൂ തിരിച്ചു ഞാന്‍ എന്നരയാലിന്‍ തണലില്‍- ഉണ്ടതിന്‍ മണ്ണിലും വേരിലും നീരിലും എന്‍ ചോരയെന്നതു പോലെ ഉണ്ടതിന്‍ നിര്‍ത്താതെ തുള്ളുമിലകളില്‍ എന്‍ ശ്വാസമെന്നതു പോലെ ഉണ്ടതിന്‍ ചില്ലയില്‍ വീശുമിളംകാറ്റില്‍ എന്‍ പ്രാണനെന്നതു പോലെ ഉണ്ടാലിലതന്‍ ഞരമ്പില്‍ ഞാന്‍ പിന്നിട്ട എല്ലാ വഴികളുമല്ലോ. ഉണ്ടതിന്‍ മഞ്ഞിന്‍ കണത്തില്‍ ഞാന്‍ താണ്ടിയ എല്ലാ സമുദ്രവുമല്ലോ കായലോളങ്ങളേ കാറ്റേ, പുഴകളേ, പാടുക ബുദ്ധപ്രശസ്തി ഏതു കവിതയും വിത്തായി മാറ്റുമ- ധ്ധീരകൃഷകന്റെ കീര്‍ത്തി ബുദ്ധനെക്കാണുവാന്‍ പോയപ്പോള്‍ സൃഷ്ടി തന്‍ ദുഃഖമേന്റേതായ് മുഴുക്കെ. അക്കരുണാധാര തന്നിലിറക്കി ഞാന്‍ അക്കരെപ്പോകുന്ന തോണി.
മെക്സിക്കോവിലെ ആസ്തെക്ഗോത്രക്കാര്‍, പൂമ്പാറ്റകള്‍ മരിച്ചവരുടെ ആത്മാക്കളാണെന്നു വിശ്വസിക്കുന്നു: യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട യുവാക്കള്‍ മുതല്‍ പ്രസവത്തില്‍ മരിച്ച അമ്മമാര്‍ വരെ. എന്റെ ഗോത്രക്കാര്‍ കരുതുന്നത് രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ വരച്ചിരിക്കുന്നത് അതിര്‍ത്തിയുദ്ധങ്ങളില്‍ ചാവേറുകളായവരുടെ ചോരയും അവരുടെ അമ്മമാരുടെ കണ്ണീരും കൊണ്ടാണെന്നാണ്. ദൈവത്തിനു ജാതിയോ മതമോ വര്‍ണ്ണമോ വംശമോ ലിംഗമോ ഇല്ലെന്നും. ഞങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തി ആകാശമാണ് അവിടെ രാജാക്കളോ പ്രജകളോ ഇല്ല. എല്ലാവര്‍ക്കും എല്ലാ ഭാഷയും അറിയാം, കാക്കകള്‍ മലയാളം പറയും പോലെ തന്നെ മരങ്കൊത്തികള്‍ സ്പാനിഷും പറയും. ഇവിടെ ആര്‍ക്കും ആരെയും അന്യോന്യസമ്മതത്തോടെ പ്രണയിക്കാം. പുല്ലിന് പുഴുവിനെ, കുരുവിക്ക് നിലാവിനെ, ഗന്ധര്‍വന് മനുഷ്യനെ, ഓര്‍മ്മയ്ക്ക് സ്വപ്നത്തെ. എല്ലാ വാതിലുകളും തുറന്നു കിടക്കുന്നു, പൂച്ചകള്‍ക്കും മനുഷ്യര്‍ക്കും വാല്‍നക്ഷത്രങ്ങള്‍ക്കുമായി. ഭൂതം, വര്‍ത്തമാനം, ഭാവി: ഇവ തമ്മില്‍ ഒരു വിഭജനവുമില്ല വ്യാകരണം അവയ്ക്ക് കാവല്‍ നില്‍ക്കുന്നില്ല. ഞങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ ചടങ്ങ് ലളിതമാണ്. പകരം മറ്റൊരാള്‍ ഗോത്രത്തില്‍ പിറക്കും വരെ ഞങ്ങള്‍ ഇല പൊഴിച്ചു കൊണ്ടിരിക്കും. പിന്നെ പെട്ടെന്ന് ഒരു മണി പോലുമടിക്കാതെ വസന്തം വരും. ഞങ്ങള്‍ ഭൂമിയിലെ ഏറ്റവും പഴയ ഗോത്രമാണ്, ഏറ്റവും ചെറിയതും. ഒരു തത്തയുടെ ചിറകിലുള്ള അക്ഷരമാണ് ഞങ്ങളുടെ ഗോത്രചിന്ഹം. തത്തകളും അക്ഷരങ്ങളും നിലനില്‍ക്കുവോളം ഞങ്ങളും ഉണ്ടാവും എന്നാണു ഞങ്ങളുടെ വിശ്വാസം. അഞ്ചു പേര്‍ ഒന്നിച്ച് കൂടി ചിരിക്കുന്നിടത്തെല്ലാം അവരില്‍ ഒരാളായി ഞങ്ങളില്‍ ഒരാള്‍ ഉണ്ടാവും ഒരാള്‍ ഒറ്റയ്ക്ക് കരയുന്നിടത്തും.
പേറ്റുചോര തുടയ്ക്കാതെ ഉപേക്ഷിച്ച കുട്ടിയെ ആരെങ്കിലും വാത്സല്യത്തോടെ ഒരുമ്മ കൊടുത്ത് എടുത്തുകൊണ്ടു പോകും വരെ ഒളിച്ചു നില്‍ക്കുന്ന അമ്മയെപ്പോലെ ഞാന്‍ എന്റെ കവിതയെ പിറന്ന പടി തെരുവില്‍ കിടത്തി അതിന്റെ നിലവിളി കേട്ട് ഒളിച്ചു നില്‍ക്കുന്നു: അത് നിങ്ങളുടേതാകും വരെ. എന്നെങ്കിലുമൊരിക്കല്‍ അവള്‍ എന്നെ തിരിച്ചറിഞ്ഞു സ്നേഹിക്കുകയോ ശകാരിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയില്‍.
(ഇയ്യിടെ നിര്യാതയായ എന്റെ ഏകസഹോദരിക്ക്) സച്ചിദാനന്ദന്‍ ആരുമെന്നെ തൊടുന്നില്ലാ നിന്റേതല്ലാത്ത കൈകളാല്‍ നീരോ കാറ്റോ വെറും മണ്ണോ വാനമോ മുല്ലവള്ളിയോ. ആരും പാടിയുറക്കീലാ നിന്റേതല്ലാത്ത തൊണ്ടയാല്‍ പുഴയോ കടലോ ആലി- ന്നിലയോ കുയില്‍രാത്രിയോ. ആരുമൊപ്പം നടന്നീലാ നിന്റേതല്ലാത്ത കാല്‍കളാല്‍ പശുവോ മുകിലോ കാറ്റില്‍ മെല്ലെയാടുന്ന ചില്ലയോ. ഒടുവില്‍ നീ പോവതൊറ്റ- യ്ക്കെവിടേയ്ക്കെന്റെ സോദരീ, അവിടേയ്ക്കെന്തു നീയെന്റെ കൈ പിടിക്കാതെ പോകുവാന്‍?