ജീവിതരേഖ



1946: മെയ് 28- നു കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ് ഗ്രാമത്തില്‍ ജനനം, പുല്ലൂറ്റ് ഗവണ്മെന്റ് എല്‍ പി സ്കൂള്‍, എസ് എന്‍ ഡി പി യോഗം യു പി സ്കൂള്‍, കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് ഹൈ സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. മാദ്ധ്യമം: മലയാളം. 1959- 62 കാലത്ത് നാട്ടിന്‍പുറത്തെ കയ്യെഴുത്തുമാസികകളിലും സ്കൂള്‍ മാസികകളിലും കവിതകളും കവിതാപരിഭാഷകളും ( ഒമാര്‍ ഖയ്യാംവേര്‍ഡ്‌സ്വര്‍ത്ത്) പ്രസിദ്ധീകരിക്കുന്നു. അഗാധമായി സ്വാധീനിച്ച അദ്ധ്യാപകന്‍, , അപ്പര്‍ പ്രൈമറിയില്‍ മലയാളം അദ്ധ്യാപകനായിരുന്ന നീലകണ്ഠദാസ്. കവിതയുടെ ക്രാഫ്റ്റില്‍ താത്പര്യം ഉണ്ടാക്കുന്നത് പ്രധാനമായും അദ്ദേഹമാണ്. പിന്നെ ഹൈ സ്കൂളിലെ രാഘവന്‍ മാസ്റ്റര്‍.
1961: ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീ-യൂണിവേഴ്സിറ്റികോഴ്സിനു ചേരുന്നു, തുടര്‍ന്ന് അവിടെത്തന്നെ ജീവശാസ്ത്രം ഐച്ഛികമായി ബിരുദ പഠനം, കോളേജ് മാസികയില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും കവിതകള്‍ എഴുതുന്നു. ബൈബിള്‍ ശ്രദ്ധയോടെ വായിക്കുന്നു, ഒരു ഒഴിവുകാലം മുഴുവന്‍ ഷേക്ക് സ്പിയറുടെ മുഴുവന്‍ കൃതികളും വായിച്ചു ഇഷ്ടമായ ഭാഗങ്ങള്‍ അടിയില്‍ വരയ്ക്കുന്നു, നാടകസംഗ്രഹങ്ങള്‍ എഴുതുന്നു, കുറിപ്പെടുക്കുന്നു. പരിഭാഷകള്‍ തുടരുന്നു,ഹിന്ദിയിലെ ‘ലാലാരൂഖ്’ എന്ന കവിതയെ ഉപജീവിച്ചു ഒരു ലഘുനാടകം എഴുതുന്നു. ഇംഗ്ലീഷ് അദ്ധ്യാപകം ജോസഫ് കൊളങ്ങാടന്റെയും മലയാളം അദ്ധ്യാപകന്‍ മാമ്പുഴ കുമാരന്റെയും ഹിന്ദി അദ്ധ്യാപകന്‍ പത്മനാഭപിള്ളയുടെയും ( രണ്ടാം ഭാഷ ഹിന്ദി ആയിരുന്നു) പ്രോത്സാഹനം ലഭിക്കുന്നു. ധാരാളം വായിക്കുന്നു. (വിശേഷിച്ചും ബ്രിട്ടീഷ് കാല്‍പ്പനികകവികളുടെ രചനകള്‍) 1962ല്‍ മദിരാശിയിലെ ‘ജയകേരള’ത്തില്‍ കവിത വരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ ‘ജയകേരളം’ വാരിക, കൊല്ലത്തെ ‘ജനയുഗം വാരിക, ചങ്ങനാശ്ശേരിയിലെ ‘കേരള ഡൈജസ്റ്റ്’, മദിരാശിയിലെ ‘സമീക്ഷ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നു. 1965-ല്‍ ബിരുദം. തുടര്‍ന്ന് മെഡിസിന് ചേരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു, പക്ഷെ പുനരാലോചനയില്‍ ഉപേക്ഷിക്കുന്നു, സാഹിത്യം പഠിക്കാന്‍ തീരുമാനിക്കുന്നു.
1965: എറണാകുളം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് മാസ്റ്റര്‍ ബിരുദത്തിനു ചേരുന്നു. ഇതു വരെ സാഹിത്യമത്സരങ്ങളില്‍ പങ്കെടുത്തു ധാരാളം സമ്മാനങ്ങള്‍ നേടിയിരുന്നുവെങ്കിലും, മത്സരങ്ങളില്‍ ക്രാഫ്റ്റ് മാത്രമാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞു ഇനി മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. ഇടതുപക്ഷവിദ്യാര്‍ത്ഥിസംഘടനയോട് ആഭിമുഖ്യം. ടി. കെ. രാമചന്ദ്രന്‍, എന്‍ എസ് മാധവന്‍ തുടങ്ങിയവര്‍ സുഹൃത്തുക്കള്‍. വായന കൂടുതല്‍ ഗൌരവത്തിലാകുന്നു. സാര്‍ത്ര്-കമ്യു- കാഫ്ക- ആഫ്രിക്കന്‍-അമേരിക്കന്‍ എഴുത്തുകാര്‍- ആധുനികകവികള്‍ മുതലായവരോട് പ്രത്യേക ആകര്‍ഷണം, അവരെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നു. ‘കേരള ഫിലോസൊഫിക്കല്‍ കോണ്ഗ്രസ്സില്‍’ അസ്തിത്വവാദത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നു, സാര്ത്രിനെപ്പറ്റി കേരള ഡൈജസ്റ്റില്‍ പത്ത് ലേഖനങ്ങളുടെ പരമ്പര പ്രസിദ്ധീകരിക്കുന്നു. എം. എന്‍ റോയിയുടെ കൃതികള്‍ മനസ്സിരുത്തി വായിക്കുന്നു. എം കെ സാനു, എം ലീലാവതി, എം അച്യുതന്‍, പോഞ്ഞിക്കര റാഫി, ടി ആര്‍. ( അന്ന് അറിയപ്പെട്ടിട്ടില്ല), അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരുമായി പരിചയം. സാനുമാസ്റ്റരുമായി ധാരാളം സംഭാഷണങ്ങള്‍. ടി ആര്‍ കെ മാരാര്‍, ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയ ഇംഗ്ലീഷ് അദ്ധ്യാപകരുടെയും സ്വാധീനം. എം ഗോവിന്ദന്റെ ‘സമീക്ഷ’യുടെ വരിക്കാരന്‍. അതില്‍ കവിതയും എഴുതുന്നു. ആറ്റൂര്‍ രവിവര്‍മ്മ, കടമ്മനിട്ട രാമകൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍ ഇവരും സമീക്ഷയുടെ വൃത്തത്തില്‍ അന്നുണ്ട്. ആ വഴി എം ഗോവിന്ദനുമായും ബന്ധപ്പെടുന്നു.
1967: മഹാരാജാസില്‍ നിന്ന് എം ഏ പാസ്സാകുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ ഇംഗ്ലീഷ് ലക്ചറര്‍ ആയി നിയമനം. ലിറ്റില്‍ മാഗസിനുകളില്‍ ധാരാളമായി എഴുതുന്നു. മദിരാശിയില്‍ ടി വി കുഞ്ഞികൃഷ്ണന്‍ നടത്തിയിരുന്ന ‘ അന്വേഷണം’ മാസികയില്‍ പതിവായി എഴുതുന്നു. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍ കേരളകവിതാ ത്രൈമാസികം ആരംഭിക്കുന്നു. അതിന്റെ സ്ഥാപകാംഗമാകുന്നു,കവിതകളും എഴുതുന്നു. ആദ്യലക്കത്തില്‍ വന്ന കവിത, ‘അഞ്ചുസൂര്യന്‍’, തുടര്‍ന്ന് അനേകം കവിതകള്‍, കാവ്യപരിഭാഷകള്‍. എല്ലാ ലക്കങ്ങളുടെയും പ്രകാശന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു, മദിരാശിയിലെ സമ്മേളനം കഴിഞ്ഞു ചോള മണ്ഡലം സന്ദര്‍ശിക്കുന്നു. കെ സി എസ് പണിക്കര്‍, നന്ദഗോപാല്‍, കെ ദാമോദരന്‍, പത്മിനി, തുടങ്ങിയ ചിത്രകാരന്മാരും ശില്പ്പികളുമായി ബന്ധം സ്ഥാപിക്കുന്നു. മുന്‍പേ ഉണ്ടായിരുന്ന ചിത്രകലാ താത്പര്യം കൂടുതല്‍ മൂര്ത്തമാകുന്നു. ആധുനിക ചിത്രകലയെക്കുറിച്ചു ഒരു ലേഖന പരമ്പര തന്നെ എഴുതുന്നു. കൂടാതെ പല പ്രദര്‍ശനങ്ങള്‍ക്കും ലഘുലേഖകളും ( ബ്രോഷ്യര്‍). അവയില്‍ ആധുനിക കവിതയെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് നിരൂപണ രംഗത്ത് പ്രവേശിക്കുന്നു. ഒപ്പം എം ഗോവിന്ദനുമായും ആത്മബന്ധം തുടരുന്നു. പി കെ ഏ റഹീമും കുടുംബവും ‘ജ്വാല’ സര്‍ക്കിള്മായി ബന്ധപ്പെടുന്നു- അതില്‍ എം കൃഷ്ണകുമാര്‍, വിദ്യപ്പന്‍, എം തോമസ് മാത്യു, പി വി ഉണ്ണികൃഷ്ണന്‍, അബ്ദു മാഷ്, കാട്ടുമാടം നാരായണന്‍, ചെറിയ ഈ എം എസ് മുതല്‍ പേരുണ്ട്. അതിന്റെ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നു.വി. ടി. ഭട്ടതിരിപ്പാടുമായും വലിയ അടുപ്പം. ചിലപ്പോള്‍ തിരുനാവായ മണപ്പുറത്ത് കൂടിച്ചേരല്‍, അത് കഴിഞ്ഞു വി. ടി. യുടെ വീട്ടില്‍ ഭക്ഷണം; ചിലപ്പോള്‍ അവിടെ കവിതവായനയും. ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും വീടുകളില്‍ ഇടയ്ക്ക് സന്ദര്‍ശകന്‍.
1969:തുളസീദേവിയുമായി ( ബിന്ദു) വിവാഹം. വിവാഹം കഴിഞ്ഞു ആദ്യ സന്ദര്‍ശനങ്ങള്‍ റഹീം, തോമസ് മാത്യു, എം കെ സാനു, ടി കെ രാമചന്ദ്രന്‍ എന്നിവരുടെ വീടുകളില്‍. ഒഴിവുകാലങ്ങള്‍ ഒറ്റപ്പാലത്ത് അവരുടെ വീട്ടില്‍. കവിതയില്‍ പനകള്‍ കടന്നു വരുന്നതു ആ വഴി. ‘ആത്മഗീത’ യും‘ആസന്നമരണ ചിന്തകളും’ ഉള്‍പ്പെടെ പല കവിതകളും അവിടെ വെച്ചാണ് എഴുതുന്നത്. എം എസ് മണിയുടെ ‘കലാകൌമുദി’ യിലും( എഡിറ്റര്‍ :എസ് , ജയചന്ദ്രന്‍ നായര്‍, സഹായി എന്‍ ആര്‍ എസ് ബാബു) എസ് കെ നായരുടെ ‘മലയാള നാടി’ലും ( എഡിറ്റര്‍, കാക്കനാടന്‍)കവിതകളും ലേഖനങ്ങളും വരുന്നു. ‘ആത്മഗീത’യുടെ ആദ്യഖണ്ഡം ‘കേരളകവിത’യിലും ( അയ്യപ്പ പണിക്കര്‍ അമേരിക്കയില്‍ പോയപ്പോള്‍ ഓ. എന്‍. വി. ആയിരുന്നു പത്രാധിപര്‍)’ആസന്നമരണ ചിന്തകള്‍’ ‘മലയാള നാടിലും’ വരുന്നു.
1970: ജനുവരിയില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളെജിലേക്ക് ജോലി മാറുന്നു. പല കുറി വാടകവീടുകള്‍ മാറുന്നു. ഭൌതികജീവിതം ദരിദ്രം. പക്ഷെ ധാരാളം വായന. സുഹൃത്തുക്കള്‍, സന്ദര്‍ശകര്‍. ‘ജ്വാല’ ആദ്യപുസ്തകം ഇറക്കുന്നു: ‘കുരുക്ഷേത്രം: ആധുനിക കവിതാ പഠനങ്ങള്‍’. എം വി ദേവന്റെ കവര്‍.
1971:ആദ്യപുത്രി സരിത ( സീന) യുടെ ജനനം. ആദ്യത്തെ കവിതാസമാഹാരം ആര്‍ രാമചന്ദ്രന്റെ താത്പര്യപ്രകാരം കോഴിക്കോട് പൂര്‍ണ്ണ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ആധുനികകവികളുടെ പരമ്പരയില്‍ പ്രകാശിപ്പിക്കുന്നു: ‘അഞ്ചുസൂര്യന്‍’. സി എന്‍ കരുണാകരന്‍ കവര്‍ വരയ്ക്കുന്നു. അവതാരിക: കെ. എസ്. നാരായണപിള്ള. രചനകള്‍ക്ക് ഒരു ചെറിയ വായനാസമൂഹം ഉണ്ടാകുന്നു. ‘ജ്വാല’ എന്ന ചെറുമാസിക റഹീമിന്റെ പിന്തുണയോടെ തുടങ്ങുന്നു. പന്ത്രണ്ടു ലക്കം. ഓരോ ലക്കത്തിനും വെവ്വേറെ ഡിസൈന്‍- അത് ഓരോ ചിത്രകാരന്മാര്‍ ചെയ്യുന്നു. പന്ത്രണ്ടു മാസം പന്ത്രണ്ടു ലക്കം എന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കുന്നു. അഞ്ഞൂറ് കോപ്പി മാത്രം. സി എന്‍ കരുണാകരന്‍, ഏ സി കെ രാജാ, എം വി ദേവന്‍, കെ ദാമോദരന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍, ക്ഷോഭപ്പതിപ്പ്, വിദ്യാഭ്യാസപ്പതിപ്പ്, ഖസാക്ക് പതിപ്പ് ( അത് കിട്ടിയ ഓ. വി വിജയന്‍റെ കമ്പി: ‘Overwhelmed’ . നോബല്‍ സമ്മാനത്തെക്കാള്‍ കേമം എന്ന് കെ പി നിര്‍മല്‍ കുമാര്‍.), ഒടുവില്‍ ‘മരണപ്പതിപ്പ്’. പലപ്പോഴും പത്രാധിപര്‍ പ്രസ്സില്‍ തന്നെ കിടപ്പ്. ജ്വാലയിലെ എഴുത്തുകാരില്‍ കോവിലന്‍, നിര്‍മ്മല്‍ കുമാര്‍, എന്‍ എസ് മാധവന്‍, മേതില്‍ രാധാകൃഷ്ണന്‍, കെ അരവിന്ദാക്ഷന്‍, കെ സി എസ് പണിക്കര്‍ അങ്ങിനെ ഏറെപ്പേര്‍. അതിനിടെ സി എന്‍ ശ്രീകണ്ഠന്‍ നായര്‍, കാവാലം നാരായണപ്പണിക്കര്‍ അങ്ങിനെ ഒട്ടേറെപ്പേരുമായി പരിചയം. ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന കവിത മാതൃഭൂമി വാരികയില്‍ വരുന്നു, തുടര്‍ന്ന്’രൂപാന്തരം’ ഉള്‍പ്പെടെ പല കവിതകളും.
1972:പ്രധാനമായും ആധുനികകവിതയുടെ കറുത്ത നര്‍മ്മത്തില്‍ ഊന്നുന്ന ‘ഹരിശ്രീ’ എന്ന ആധുനികകവിതാസമാഹാരം ‘ജ്വാല’ പ്രസിദ്ധീകരിക്കുന്നു. കെ ജി ശങ്കരപ്പിള്ളയും മേതില്‍ രാധാകൃഷ്ണനും ആദ്യമായി ഒരു ആന്തോളജിയില്‍ പ്രത്യക്ഷപ്പെടുന്നു. ‘ജ്വാല’ യുടെ അവാന്ഗ്- ഗാദ് സ്വഭാവത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. കെ ജി ശങ്കരപ്പിള്ളയുടെ ‘പ്രസക്തി’യുമായി സഹകരിക്കുന്നു. ‘ഞങ്ങള്‍’,’ ‘തീത്തെയ്യം’, ‘ക്യൂബ, ക്യൂബ’, കുതിരകളുടെ ആഴം’, ‘വിശപ്പ്’, ‘ ഹോ ചി മിന്‍’ , ‘സത്യവാങ്ങ്മൂലം’ ‘പനി’, -ഇന്ത്യന്‍ സ്കെച്ചുകള്‍’, ‘പുലയപ്പാട്ട്’ തുടങ്ങിയ രാഷ്ട്രീയ കവിതകള്‍ , ‘പ്രസക്തി’, ‘ചിത്രകാര്‍ത്തിക’, ‘ദേശാഭിമാനി’, ;’യെനാന്‍’ തുടങ്ങിയ ആനുകാലികങ്ങളില്‍ വരുന്നതു 1972- 74 കാലത്താണ്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, ജനകീയ സാംസ്കാരികവേദി ഇങ്ങിനെയുള്ള സംഘടനകളില്‍ സജീവം.
1974:‘ആത്മഗീത’ എന്ന ആത്മകഥാപരമായ ദീര്‍ഘ കാവ്യം സാഹിത്യപ്രവര്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്നു.
1975:രണ്ടാമത്തെ മകള്‍ സബിതയുടെ ജനനം. ജൂണില്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനം. ‘നിഷ്പക്ഷത’ എന്ന കവിതയും ‘സ്വാതന്ത്ര്യഗീതങ്ങള്‍’ എന്ന കവിതാവിവര്‍ത്തനപരമ്പരയുടെ ശീര്‍ഷകവും ( ദേശാഭിമാനി) സെന്‍സര്‍ തടയുന്നു. ‘വിശപ്പ്’ എന്ന കവിത എഴുതിയതിന്റെ പേരില്‍ തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഇരിഞ്ഞാലക്കുടയിലെ വാടകവീടു ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തില്‍. ‘നാവുമരം’ ‘കോലങ്ങള്‍’ ഈ കവിതകള്‍ ‘വിവേകോദയം’ മാസികയില്‍ വരുന്നു, ‘നാവുമരം’ രഹസ്യമായി സ്കൂള്‍ -കോളേജുകളില്‍ അദ്ധ്യാപകര്‍ വഴി പ്രചരിക്കുന്നു. ‘നിഷ്പക്ഷത’ മലയാളനാടില്‍ വരുന്നു. ‘വടക്കന്‍ കഥകള്‍’, ‘വടക്കന്‍ പാട്ട്’, ‘ആരാണ് ശത്രു’ ഇങ്ങിനെ പല പ്രതിരോധകവിതകള്‍.
1977:‘കേരള കവിതാ’ ഗ്രന്ഥവരിയില്‍ ആര്‍. നരേന്ദ്രപ്രസാദിന്റെ ദീര്‍ഘമായ അവതാരികയോടെ ‘കവിത’ എന്ന സമാഹാരം ഇറങ്ങുന്നു.
1978:‘പ്രസക്തി ലൈബ്രറി’ എന്ന സ്വന്തം പ്രസാധന സംരംഭം. സ്വന്തം കവിതാ പരമ്പരയായ ‘ഇന്ത്യന്‍ സ്കെച്ചുകള്‍’, താന്‍ എഡിറ്റ് ചെയ്ത ‘വഴിത്തിരിവിന്റെ കഥകള്‍’, ‘പുതുപ്പിറവി’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ‘ജ്വാല’ ബ്രെഹ്റ്റിന്റെ കവിതകളുടെ വിവര്‍ത്തന സമാഹാരം ഇറക്കുന്നു. സാംസ്കാരിക ചര്‍ച്ചകളില്‍ സജീവം. തൊഴിലാളികള്‍ക്കിടയിലും തെരുവുകളിലും മറ്റും കവിത വായനകളും സംസ്കാരസംബന്ധിയായ ക്ലാസ്സുകളും. പല ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളുമായി ബന്ധം. കോളേജില്‍ നിന്ന് ‘ഇന്ന്’ എന്ന പ്രസിദ്ധീകരണം ഇറക്കുന്നു. വിദ്യാര്‍ത്ഥികളുമായിചേര്‍ന്നു ‘റൈറ്റേഴ്സ് ഫോറം’ തുടങ്ങുന്നു. അശോക് കുമാര്‍ ( കുറച്ചു കാലം ‘കോമ്രേഡ് ‘ എഡിറ്റര്‍; ഇപ്പോള്‍ ‘സായാഹ്ന’ കോമണ്‍സ് കൂട്ടായ്മയില്‍), സുബ്രഹ്മണ്യദാസ് ( പിന്നീട് ഞാന്‍ വിലക്കിയിട്ടും മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു നിരാശനായി റെയിലില്‍ തല വെച്ച് ആത്മഹത്യ ചെയ്തു), സി എസ് വെങ്കിടേശ്വരന്‍ ( ഇപ്പോള്‍ മാദ്ധ്യമ-സിനിമാ നിരൂപകന്‍), ബ്രഹ്മ പുത്രന്‍ ( ഇപ്പോള്‍ ഡോക്ടര്‍) തുടങ്ങിയവരുടെ സഹകരണത്തോടെ, പൌലോ ഫ്രയറില്‍ നിന്നും, ഐവാന്‍ ഇല്ലിച്ചില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട്, നില നില്‍ക്കുന്ന വിദ്യാഭ്യാസപദ്ധതിയെ രൂക്ഷവും സമഗ്രവുമായി വിമര്‍ശിക്കുന്ന കോളേജ് മാസിക ഇറക്കുന്നു.
1979: ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍ ‘ എന്ന സമാഹാരം പൂര്‍ണ്ണാ ബുക്സ് പുറത്തിറക്കുന്നു. പല പതിപ്പുകള്‍.
1980: ഇരിഞ്ഞാലക്കുടയ്ക്കടുത്ത് നടവരമ്പ് എന്ന സ്ഥലത്തു തൊഴിലാളി സമരത്തെ തുടര്‍ന്ന് ഒരു ദളിത് കോളനിയില്‍ പോലീസ് നടത്തിയ അക്രമത്തിന്നെതിരെ പ്രതിഷേധിച്ചു 144 ലംഘിച്ചു സിവിക് ചന്ദ്രന്‍ തുടങ്ങിയവരോടൊപ്പം പ്രകടനം നയിച്ചതിന് അഡ്വക്കേറ്റ് മേഘനാദന്‍, പ്രേരണ എഡിറ്റര്‍ സദാശിവന്‍, വിദ്യാര്‍ത്ഥി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്നു. പക്ഷെ കേസ്സില്‍ കള്ളക്കുറ്റങ്ങള്‍ ചുമത്തിയതിനു ഹൈക്കോടതി പോലീസിനെ താക്കീത് ചെയ്യുന്നു, എല്ലാവരെയും വെറുതെ വിടുന്നു. 79-80 കാലത്തെ ‘ബോധവതി’, ‘പീഡന കാലം’ തുടങ്ങിയ കവിതകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ലേഖനങ്ങള്‍ സമാഹരിക്കപ്പെട്ടു തുടങ്ങുന്നു.
1981:‘പീഡനകാലം’ എന്ന കവിതാസീക്വെന്‍സുകളുടെ സമാഹാരം ഇരിഞ്ഞാലക്കുടയിലെ ‘സംസാര ബുക്ക് സ്റ്റാള്‍’ പ്രസിദ്ധീകരിക്കുന്നു.
1982:‘വേനല്‍ മഴ’ എന്ന കവിതാ സമാഹാരം. ‘ജനതയും കവിതയും’ എന്ന ലേഖന സമാഹാരം ഡി സി ബുക്സില്‍ നിന്ന്. ഭാരത് ഭവന്റെ ക്ഷണം സ്വീകരിച്ചു ഭോപ്പാലിലെ ലോകകവിസമ്മേളനത്തില്‍ പങ്കെടുക്കുന്നു, സഹകവികള്‍ക്കൊപ്പം- തോമാസ് ട്രാന്‍സ്ട്രോമര്‍, ഡരെക് വാല്‍കോട്ട്,ഭാഷകളിലെ പ്രമുഖ ഇന്ത്യന്‍ കവികള്‍ മുതലായവര്‍- ഭോപ്പാല്‍ ദുരന്തം നടന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി സന്ദര്‍ശിക്കുന്നു, പടിക്കല്‍ പ്രതിഷേധ കവിതാ വായന. ഇന്ത്യന്‍- ലോക കവികളുമായി ബന്ധം സ്ഥാപിക്കുന്നു. കവിതാ സമാഹാരങ്ങള്‍, പരിഭാഷാ സമാഹാരങ്ങള്‍, ലേഖനസമാഹാരങ്ങള്‍, നാടകങ്ങള്‍ ഇവ ഈ വര്‍ഷങ്ങളില്‍ ധാരാളമായി പ്രസിദ്ധീകരിക്കുന്നു. നവീന ഇടതുപക്ഷ ചിന്തയുമായി പരിചയപ്പെടുന്നു. അശോക്‌കുമാറിന്റെ സഹായത്തോടെ ‘ഉത്തരം’ മാസിക തുടങ്ങുന്നു.
1983:അത് വരെയുള്ള കവിതകളുടെ ഒറ്റസ്സമാഹാരം, ‘സച്ചിദാനന്ദന്റെ കവിതകള്‍’ ‘പുസ്തക പ്രസാധകസംഘം’ പ്രസിദ്ധീകരിക്കുന്നു. ‘ശക്തന്‍ തമ്പുരാന്‍’ ( ലഘുനാടകങ്ങളുടെ സമാഹാരം) , ‘രണ്ടു ദീര്‍ഘ കാവ്യങ്ങള്‍’ , ‘മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം’ ഇവയുടെ പ്രകാശനം.
1984:ആദ്യത്തെ ഔദ്യോഗിക അംഗീകാരം, കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ പുരസ്കാരം, ‘കവിതയും ജനതയും’ എന്ന ലേഖന സമാഹാരത്തിന്. കവിതയ്ക്കല്ല എന്ന കാരണത്താല്‍ ചടങ്ങിനു പോകുന്നില്ല. ‘സോക്രട്ടീസും കോഴിയും’ എന്ന സമാഹാരം പ്രസിദ്ധീകരിക്കുന്നു.
1985:‘ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സി’ന്റെ ക്ഷണം സ്വീകരിച്ചു വാല്മീകി ലോകകാവ്യോത്സവത്തില്‍ പങ്കെടുക്കുന്നു.ഒട്ടേറെ വലിയ കവികളുമായി പരിചയപ്പെടുന്നു. ഡല്‍ഹി-ആഗ്രാ സന്ദര്‍ശനങ്ങള്‍. തുടര്‍ന്ന് അവര്‍ നാമനിര്‍ദ്ദേശം ചെയ്ത പ്രകാരം അന്നത്തെ യൂഗോസ്ലാവിയായിലെ ‘സരായെവോ പോയട്രി ഡെയ്സ്’ എന്ന കവിതോത്സവത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കാളിയാകുന്നു.. ‘തെരഞ്ഞെടുത്ത ലേഖനങ്ങള്‍’. ‘പാബ്ലോ നെരൂദാ’ ( പ്രഭാഷണം ) ഇവ പ്രസിദ്ധീകരിക്കുന്നു.
1986:‘സംവാദങ്ങള്‍’, ‘സമീപനങ്ങള്‍’ എന്നീ ലേഖന സമാഹാരങ്ങള്‍.
1987:‘സച്ചിദാനന്ദന്റെ കൃതികള്‍’ ഗൌതമാ ബുക്സ് പ്രസിദ്ധീകരിക്കുന്നു. ‘ഇവനെക്കൂടി’ സമാഹാരം ഡി. സി. ബുക്സില്‍ നിന്ന്. അഞ്ചു പതിപ്പുകള്‍. ഭോപ്പാലിലെ ‘കവിഭാരതി’യില്‍ മലയാളത്തെ പ്രതിനിധാനം ചെയ്യുന്നു. കോഴിക്കോട് സര്‍വ്വകലാശാല ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് അംഗം, കേരള സര്‍വ്വകലാശാല പി. ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം.
1988:‘വീടുമാറ്റം’ എന്ന കവിതാസമാഹാരം ഡി. സി. യില്‍ നിന്ന്. ഭാരത് ഭവന്‍ ഭോപ്പാലില്‍ നടത്തിയ ‘കവിതാ ഏഷ്യ’ യില്‍ ഇന്ത്യന്‍ കവിതയുടെ ഒരു പ്രതിനിധി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതിയില്‍. അക്കാദമി ക്ഷണപ്രകാരം സോവിയറ്റ് യൂണിയനിലെ ‘ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ’ യില്‍ മറ്റു നാലു ഇന്ത്യന്‍ കവികള്‍ക്കൊപ്പം പങ്കാളിത്തം. മോസ്കോ, റീഗാ സന്ദര്‍ശനം. തുടര്‍ന്ന് ആദ്യത്തെ യാത്രാവിവരണം. ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന കവിതാസമാഹാരം കോഴിക്കോട് സര്‍വ്വകലാശാലയില്‍ പാഠപുസ്തകം.
1989:‘ഇവനെക്കൂടി’ എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യഅക്കാദമിയുടെ പുരസ്കാരം.ഗുജറാത്തിയില്‍ സ്വന്തം കവിതകളുടെ സമാഹാരം; ‘സംസ്കാരത്തിന്റെ രാഷ്ട്രീയം’ ലേഖന സമാഹാരം, ‘ബ്രെഹ്റ്റിന്റെ കല’, മോണോഗ്രഫ്, ‘സംഭാഷണങ്ങള്‍’ -അഭിമുഖ സംഭാഷണ സമാഹാരം.
1990:മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ശ്രീകാന്ത് വര്‍മ്മാ ഫെല്ലോഷിപ്. ‘നേര്‍വഴികള്‍’ എന്നാ നവീനകവിതാസമാഹാരം എഡിറ്റ് ചെയ്യുന്നു. തമിഴില്‍ ആദ്യത്തെ സ്വന്തം കവിതകളുടെ പരിഭാഷാ സമാഹാരം ‘രക്തസാക്ഷികള്‍’ ഇറങ്ങുന്നു- സുകുമാരന്റെ പരിഭാഷ. ‘ഇവനെക്കൂടി’ കേരള സര്‍വ്വകലാശാലയില്‍ എം ഏ പാഠപുസ്തകം’ പാബ്ളോ നെരൂദ’, പഠനം, കോഴിക്കോട് സര്‍വ്വകലാശാലയില്‍ പാഠപുസ്തകം. ‘കയറ്റം’ പുതിയ കവിതാസമാഹാരം; ‘പടവുകള്‍’ : ആദ്യകാല ലേഖനങ്ങള്‍. 90 മുതല്‍ അഞ്ചു വര്ഷം കോഴിക്കോട് , മഹാത്മാഗാന്ധി, കേരള, ലഖ്നൌ, ഔറംഗാബാദ് അംബേദ്‌കര്‍ - എന്നീ സര്‍വ്വകലാശാലകളില്‍ ഫാക്കല്‍റ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാമുകളില്‍ റിസോഴ്സ് പെഴ്സണ്‍. കേരള സര്‍ക്കാര്‍ ഫിലിം അവാര്‍ഡ് ജൂറി അംഗം. 1990, 94, 96-മൂന്നു വര്‍ഷം മദ്ധ്യ പ്രദേശില്‍ കബീര്‍ സമ്മാന്‍ ജൂറി അംഗം. 1990-92 കേരള പുരോഗമന കലാ സാഹിത്യ സംഘം എക്സിക്യൂട്ടീവ് അംഗം. ‘ഫോറം ഫോര്‍ സെകുലര്‍ കള്‍ച്ചര്‍’ സ്ഥാപകാംഗം. അതിനു വേണ്ടി ‘ഗാന്ധി’ നാടകം എഴുതുന്നു.
1991:‘കാഴ്ചകള്‍ , കാഴ്ചപ്പാടുകള്‍’, ‘അന്വേഷണങ്ങള്‍’ – ലേഖനങ്ങള്‍.
1992:ക്രിസ്റ്റഫര്‍ റോഷനുമായി സരിതയുടെ വിവാഹം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ‘ഇന്ത്യന്‍ ലിറ്ററെച്ചര്‍’ ദ്വൈമാസികയുടെ പത്രാധിപരായി ഒരു വര്‍ഷംകോളേജില്‍ നിന്ന് ലീവെടുത്ത് ബിന്ദുവിനോട് കൂടി ഡല്‍ഹിയിലേക്കു പോകുന്നു. പല തരത്തില്‍ വിഷമം പിടിച്ച ഭൌതിക ജീവിതം, എങ്കിലും മാസികയെ ആകെ പുതുക്കിപ്പണിയുന്നു. ആദ്യമായി പത്രാധിപക്കുറിപ്പുകള്‍, കോളങ്ങള്‍, അഭിമുഖ സംഭാഷണങ്ങള്‍, ഇല്ലുസ്ട്രെഷനുകള്‍, കവറിനു പ്രസിദ്ധരുടെ പെയിന്റിംഗുകള്‍, ദളിത് സാഹിത്യം, സ്ത്രീസാഹിത്യം തുടങ്ങിയ പുതിയ പ്രവണതകള്‍ക്ക് പ്രത്യേക ലക്കങ്ങള്‍, ഭാഷാലക്കങ്ങള്‍. കല്‍ക്കത്തയില്‍ ‘സാര്‍ക്ക്’ സമ്മേളനത്തില്‍ ഭാഗഭാക്കാകുന്നു. ‘കവിബുദ്ധന്‍ ’ കവിതാ സമാഹാരം, ‘വീണ്ടു വിചാരങ്ങള്‍’ , ലേഖന സമാഹാരം.
1993:ഡല്‍ഹിയില്‍ തുടരാനുള്ള ആപത്കരമായ തീരുമാനം. കോളേജില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ്. മകള്‍ സബിത കൂടെ ചേരുന്നു. ലേഡി ശ്രീരാം കോളേജില്‍ ഇംഗ്ലീഷ് ബിരുദ (ഓണേഴ്സ്) കോഴ്സിനു ചേരുന്നു. സമഗ്ര സാഹിത്യ സംഭാവനയ്ക്ക് ഒമാന്‍ കള്‍ച്ചറല്‍ സെന്റെര്‍ പുരസ്കാരം. ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘എന്റെ സച്ചിദാനന്ദന്‍ കവിതകള്‍’ പ്രസിദ്ധീകരിക്കുന്നു. ‘സഹ്മത്’ ( സഫ്ദര്‍ ഹഷ്മി ട്രസ്റ്റ് ) നയിച്ച സാംസ്കാരികസംഘതിന്റെ ഭാഗമായി അയോധ്യയില്‍ പോയി ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്ഷികപ്രതിഷേധത്തില്‍ പങ്കാളിയാകുന്നു. തുടര്‍ന്നും സഹ്മത്തില്‍ സജീവം. ഒപ്പം മലയാളി ഇടതുപക്ഷ സംഘടനയായ ജനസംസ്ക്രുതിയിലും.’സൗന്ദര്യവും അധികാരവും’ ;ലേഖന സമാഹാരം പ്രസിദ്ധീകരിക്കുന്നു. ‘കവിത 93’- ഡല്‍ഹിയില്‍ ഇന്ത്യന്‍ കവിസമ്മേളനം കോ -ഓഡിനെറ്റര്‍.
1994:ചൈനയിലെ ‘ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ’ യിലേക്കുള്ള എഴുത്തുകാരുടെ സംഘത്തെ നയിക്കുന്നു. ‘ദേശാടനം’ രണ്ടാം പതിപ്പ്. ഭോപ്പാല്‍ ഭാരത് ഭവനില്‍ ഒറ്റയ്ക്കുള്ള കവിതാവായന. കൊല്‍ക്കത്ത ‘ആബ്രുത്തി ലോകേ’ എന്ന കവിതാവായനോത്സവത്തില്‍ കൊല്‍ക്കത്തയിലും ശാന്തി നികേതനിലും പാരായണം.
1995:കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ‘ ഒരു അനുഭവൈകവാദവിരുദ്ധ സൌന്ദര്യശാസ്ത്രത്തിലേക്ക്: മാര്‍ക്സിസവും പോസ്റ്റ് -സ്ട്രക്ചറലിസവും’ എന്ന വിഷയത്തില്‍ കേരളത്തില്‍ വെച്ച് ആരംഭിച്ചിരുന്ന ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടര്‍ ബിരുദം. ആദ്യത്തെ ഇംഗ്ലീഷ് കവിതാവിവര്‍ത്തന സമാഹാരമായ ‘സമ്മര്‍ റെയിന്‍’ ഇറങ്ങുന്നു. ‘ദേശാടനം’ എന്ന കവിതാ സമാഹാരം കേരളസര്‍വ്വകലാശാല യില്‍ പാഠപുസ്തകം. ‘ഗാന്ധി’ നാടകം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രിദ്ധീകരിക്കുന്നു.
1996:കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി ( സി ഈ ഓ ) ആയി നിയമനം. ‘ദേശാടന’ത്തിനു ഉള്ളൂര്‍ സ്മാരക പുരസ്കാരം. ‘മുഹൂര്‍ത്തങ്ങള്‍’ എന്ന പേരില്‍ തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങള്‍ ഡി സി ബുക്സ് ഇറക്കുന്നു. അക്കാദമിയ്ക്ക് വേണ്ടി സാര്‍ക്ക് കവിതയുടെ സമാഹാരം ‘Gestures’ എഡിറ്റ് ചെയ്യുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റിന്നു വേണ്ടി മലയാളകഥകളുടെ ഇംഗ്ലീഷ് സമാഹാരമായ ‘ Under the Wild Skies’ എഡിറ്റ് ചെയ്യുന്നു. രണ്ടാമത്തെ ഹിന്ദി കവിതാപരിഭാഷാ സമാഹാരം ഇറങ്ങുന്നു. ദേശീയ ഫിലാറ്റലി കൌണ്‍സില്‍ അംഗം. ‘മുഹൂര്‍ത്തങ്ങള്‍’ -സാഹിത്യ നിരൂപണ സമാഹാരം. , ‘മലയാളം’ മൂന്നാം പതിപ്പ്. സംസ്കൃതി പ്രതിഷ്ടാന്‍ സംസ്കൃതി അവാര്‍ഡ്, ജ്ഞാനപീഠം മൂര്‍ത്തിദേവി അവാര്‍ഡ് ഇവയില്‍ അംഗം. പല കുറി തുടരുന്നു.
1997:ആദ്യത്തെ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ പുരസ്കാരം. ( കാഞ്ഞങ്ങാട്) ഫ്രാന്‍സിലെ ‘ഐവി- സുര്‍- സെയിനി’ല്‍ ലോകകവിതാ ബിയെനാലേയില്‍ പങ്കാളിത്തം. സ്വീഡനിലേക്കുള്ള സാംസ്കാരിക പ്രതിനിധി. ഒരു മലയാളി സംഘടനയുടെ ക്ഷണപ്രകാരം ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനം- ന്യൂ യോര്‍ക്ക്, വാഷിങ്ങ്ടന്‍, ബോസ്റ്റണ്‍, ഹൂ സ്റ്റണ്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍. ‘പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ’ യില്‍ അംഗം. ഇന്ത്യ ഗവണ്മെന്റ് സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ് കമ്മിറ്റി ചെയര്‍മാന്‍. സോണല്‍ കള്‍ച്ചറല്‍ സെന്ററുകളില്‍ എക്സിക്യൂട്ടീവ് അംഗം.
1998:‘ദേശാടന’ത്തിനു കല്‍ക്കത്താ ഭാരതീയഭാഷാപരിഷത്തിന്റെ ഭീല്‍വാഡാ പുരസ്കാരം , തമിഴിലെ രണ്ടാമത്തെ പരിഭാഷാ സമാഹാരവും രണ്ടാമത്തെ ഇംഗ്ലീഷ് പരിഭാഷാ സമാഹാരവും ( How to Go to the Tao Temple) , നൂറു ആധുനിക ഇന്ത്യന്‍ കവികളുടെ സമാഹാരം, ‘Signatures’ നാഷണല്‍ ബുക്ക് ട്രസ്റ്റിനു വേണ്ടി എഡിറ്റ് ചെയ്യുന്നു . ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം, ‘പല ലോകം പല കാലം.’ കവിതാസമാഹാരം, ‘അപൂര്‍ണ്ണം’.98 മുതല്‍ അഞ്ചു വര്ഷം കൊല്‍ക്കത്ത രാജാ റാം മോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷനില പല കമ്മിറ്റികളില്‍ അംഗവും ചെയര്‍മാനും.
1999:ഇറ്റലിയിലേക്കുള്ള സാഹിത്യസംഘത്തെ നയിക്കുന്നു. റോം, വെനീസ്, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ കവിതവായന; ‘ഗാന്ധി’ നാടകത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം, ‘തെരഞ്ഞെടുത്ത കവിതകള്‍ ‘ ( കറന്റ് ബുക്സ്, തൃശ്ശൂര്‍) പ്രകാശനം , ‘കലയും നിഷേധവും’- ലേഖനങ്ങള്‍. തമിഴില്‍ മൂന്നാമത്തെ പരിഭാഷാ സമാഹാരം, ഇന്ത്യ ഗവണ്മെന്റ് സാംസ്കാരികവകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, ഇംഗ്ലീഷില്‍ ആദ്യ ലേഖന സമാഹാരം ‘ Indian Literature: Positions and Propositions’ പ്രകാശനം, ഹിന്ദിയില്‍ സ്വതന്ത്ര ഇന്ത്യയിലെ കവിതകളുടെ തെരഞ്ഞെടുത്ത സമാഹാരം, ‘താനാ- ബാനാ’ കവിസുഹൃത്ത് കേദാര്‍നാഥ് സിങ്ങുമൊത്തു എഡിറ്റ് ചെയ്യുന്നു.
2000:‘തെരഞ്ഞെടുത്ത കവിതകള്‍’ക്ക് ആശാന്‍ പുരസ്കാരം ; കൊല്‍ക്കത്തയില്‍ നിന്ന് ‘ഗണകൃഷ്ടി’ ബഹുമതി, പുഷ്കിന്റെ രണ്ടാം ജന്മശതാബ്ദി ആഘോഷത്തിനു ക്ഷണിതാവായി വീണ്ടും മോസ്കോവില്‍, സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക സംഘത്തിന്റെ ഭാഗമായി വീണ്ടും ചൈനയില്‍; യു . എസ്. ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ ‘ ‘Archive of World Literature’നു വേണ്ടി കവിതകളുടെ ഒരു മണിക്കൂര്‍ വായന റെക്കോഡ് ചെയ്യപ്പെടുന്നു, ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗം; ഇംഗ്ലീഷിലും ഹിന്ദിയിലും സ്വന്തം കവിതയുടെ മൂന്നാമത്തെ വിവര്‍ത്തന സമാഹാരങ്ങള്‍. ‘സംഭാഷണത്തിന് ഒരു ശ്രമം’ -കവിതാ സമാഹാരം, ദേശീയ ഫിലിം ജൂറി ( സിനിമാനിരൂപണം) ചെയര്‍മാന്‍.
2001:‘തെരഞ്ഞെടുത്ത കവിതകള്‍’ക്കു ഓടക്കുഴല്‍ അവാര്‍ഡ്; ‘പല ലോകം, പല കാലം’ യാത്രാവിവരണസമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം, ഷാര്‍ജ, ദുബായ് പ്രസംഗ- പാരായണ പര്യടനം, ഇംഗ്ലീഷ് പരിഭാഷകളുടെ തെരഞ്ഞെടുത്ത സമാഹാരം ‘ So Many Births’ പ്രകാശിപ്പിക്കപ്പെടുന്നു. ആസ്സമിയ , ബംഗാളി വിവര്‍ത്തന സമാഹാരങ്ങള്‍. ‘ഇവനെക്കൂടി’ കോഴിക്കോട് സര്‍വ്വകലാശാലയില്‍ പാഠപുസ്തകം. കേരള സര്‍ക്കാരിന്റെ ‘മാനവീയം’ കള്‍ച്ചറല്‍ മിഷന്റെ ‘സാഹിത്യത്തിലൂടെ മനുഷ്യസേവന’ത്തിന്നുള്ള ബഹുമതി.
2002:കവിതയ്ക്ക് ഒറീസ്സയിലെ സാംബല്‍പൂര്‍ സര്‍വ്വകലാശാലയുടെ ‘ഗംഗാധര്‍ മെഹര്‍ പുരസ്കാരം’, സമഗ്രസംഭാവനയ്ക്ക് ബഹറിന്‍ കേരളീയ സമാജം അവാര്‍ഡ്, ഇറ്റലിയില്‍ വീണ്ടും, , വെറോണയിലെ ലോക കവിതാ അക്കാദമിയില്‍ ക്ഷണിക്കപ്പെട്ട ‘ബഹുമാന്യഅംഗം’ എന്ന നിലയില്‍ ഇറ്റലിയില്‍. റോമില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിയില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ വിരുന്നും കവിതവായനയും – ഇറ്റാലിയന്‍ പരിഭാഷകള്‍ ജൂലിയാ ഗാറ്റി തയ്യാറാക്കി വായിക്കുന്നു. ഡി. സി. യുടെ പിന്തുണയോടെ, മധുസൂദന്റെ ഡിസൈനില്‍, ‘പച്ചക്കുതിര ത്രൈമാസികം’ ആരംഭിക്കുന്നു. ഫ്രഞ്ച് വിദേശകാര്യ വകുപ്പിന്റെ അതിഥിയായി ബിന്ദുവിനോടൊത്ത് ഫ്രാന്‍സില്‍ വീണ്ടും, അവിടത്തെ സാഹിത്യ- വിവര്‍ത്തന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നു.തമിഴിലെ നാലാമത്തെ പരിഭാഷാ സമാഹാരം, ഒറിയാ, പഞ്ചാബി സമാഹാരങ്ങള്‍( ഈ പഞ്ചാബി സമാഹാരത്തിനു വിവര്‍ത്തക വനിതയ്ക്ക് അക്കാദമിയുടെ പരിഭാഷാ പുരസ്കാരം ലഭിച്ചു) രണ്ടാമത്തെ ഇംഗ്ലീഷ് ലേഖന സമാഹാരം ‘Authors, Texts, Issues’ പ്രകാശനം. മാര്ച് മാസത്തില്‍ മഹാശ്വേതാദേവിയുമൊത്ത് ഗോധ്ര കൂട്ടക്കൊലയ്ക്ക് ശേഷമുള്ള ഗുജറാത്തില്‍, അഭയാര്‍ഥിക്യാമ്പുകള്‍ സന്ദര്‍ശിച്ചു നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു , ഗുജറാത്തി എഴുത്തുകാരുമായി സംവാദം, തുടര്‍ന്ന് ലേഖനങ്ങളും കവിതകളും. അക്കാദമി ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ എസ് എസ്സിന്റെ അഖിലേന്ത്യാപ്രചാരണവും സര്‍ക്കാരില്‍ സമ്മര്‍ദ്ദവും. അക്കാദമി ഒരു ഓട്ടോണമസ് സ്ഥാപനം ആയതിനാല്‍ നിഷ്ഫലം. പാരീസില്‍ നിന്ന് സ്വന്തം കവിതയുടെ ഫ്രഞ്ച് പരിഭാഷകളുടെ സമാഹാരം. ‘മലയാളം’ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പാഠപുസ്തകം. ദേശീയ ടെലിവിഷന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍. ‘വിക്ക്’ കവിതാസമാഹാരം പ്രകാശനം, ‘ഭാരതീയകവിതയിലെ പ്രതിരോധ പാരമ്പര്യം’ – ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പ്രസംഗങ്ങളുടെ സംഗ്രഹം പ്രകാശനം
2003:ഫ്രാന്‍സിലെ പാരീസ്, ലാ റൊഷേല്‍, മാഴ്സേയ്, ക്ലെര്‍മോ ഫെരന്ഗ് എന്നീ നഗരങ്ങളില്‍ നടക്കുന്ന ‘കവിതാവസന്തം’ എന്ന കാവ്യോത്സവത്തിനു ക്ഷണം. അവിടെയെല്ലാം ഫ്രഞ്ച് വിവര്‍ത്തക ഷെമന മാര്‍തീനുമൊത്തു വായനകള്‍. ഒരിടത്ത് മഹ്മൂദ് ദാര്‍വീഷുമൊത്ത്. കോപ്പി റൈറ്റ് സംബന്ധിച്ച ദേശീയ കൌണ്‍സില്‍ അംഗം. ഇളയ മകള്‍, കോളേജ് അദ്ധ്യാപിക സബിത നിതിന്‍ ഗുലാത്തിയെ വിവാഹം ചെയ്യുന്നു. സൂറത്ത്, ബാംഗ്ലൂര്‍, ചണ്ഡിഗഡ്, കൊല്‍ക്കത്ത, ഗോവ- കവിസമ്മേളനങ്ങളും പ്രഭാഷണങ്ങളും.
2004:ഇന്ത്യന്‍ എഴുത്തുകാരുടെ ചെറുസംഘത്തോടൊപ്പം സിറിയയില്‍ പ്രധാന നഗരങ്ങളില്‍ മുഴുവന്‍ പര്യടനം- ലടക്കായ്, ആലെപ്പോ സര്‍വ്വകലാശാലകളില്‍ വായനകള്‍, പാക്കിസ്ഥാനില്‍ സൌഹൃദപര്യടനവും ലാഹോര്‍ ബുക്ക് ഫെയറില്‍ കവിതവായനകളും. ഭാരതീയ വിദ്യാഭവന്റെ ക്ഷണമനുസരിച്ചു ന്യൂ യോര്‍ക്കില്‍ സാഹിത്യസെമിനാറില്‍ പങ്കാളിത്തം, കവിതവായന. ഹിന്ദിയില്‍ തെരഞ്ഞെടുത്ത കവിതാപരിഭാഷകള്‍’ ഹക്ലാഹട്ട്’ ( വിക്ക്) എന്നെഅ പേരില്‍ പ്രസിദ്ധീകരിക്കുന്നു. റോമില്‍ നിന്ന് ഇറ്റാലിയന്‍ സമാഹാരം പ്രകാശിപ്പിക്കുന്നു, വിവര്‍ത്തക ജൂലിയാ ഗാറ്റി. ഉര്‍ദു, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുതിയ സമാഹാരങ്ങള്‍. ‘മൂന്നു യാത്ര’ ( യാത്രാവിവരണം) , സാക്ഷ്യങ്ങള്‍’ ( കവിതകള്‍) പ്രകാശനം. തിരുവനന്തപുരം ആശാന്‍ സ്മാരക ദേശീയകവിസമ്മേളനം, മുംബൈ കാവ്യഭാരതി ഇവയില്‍ ഭാഗഭാഗിത്വം, ലുധിയാനയില്‍ പഞ്ചാബ് സാഹിത്യ അക്കാദമിയില്‍ വായനയും പ്രഭാഷണവും
2005:‘വിക്ക്’ എന്ന സമാഹാരത്തിനു പന്തളം കേരളവര്‍മ്മ അവാര്‍ഡ്; ‘സാക്ഷ്യങ്ങള്‍’ക്കു വയലാര്‍ അവാര്‍ഡ്, കവിതയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് ആന്ധ്രയില്‍ നിന്ന് ബാപ്പു റെഡ്ഡി അവാര്‍ഡ്. ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള, ബെര്‍ലിന്‍ സാഹിത്യോത്സവം എന്നിവയില്‍ ഇന്ത്യയുടെ പ്രതിനിധി, പോളിഷ് സര്‍ക്കാരില്‍ നിന്ന് ഇന്ത്യാ- പോളണ്ട് സൌഹൃദമെഡല്‍, ഇന്ഗ്ലീഷില്‍ അഞ്ചാമത്തെ സമാഹാരം, സ്വീഡനില്‍ വീണ്ടും- സ്വീഡിഷ് കവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ സ്റ്റോക്ക് ഹോമില്‍ താമസം. പിന്നീട് അവ ‘ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍’ എന്ന പേരില്‍ പുസ്തകമായി പ്രകാശിപ്പിക്കുന്നു. ‘ഗസലുകള്‍, ഗീതങ്ങള്‍’ ഹരിതം ബുക്സ് പ്രകാശിപ്പിക്കുന്നു, കുറെ ഗസലുകള്‍ പിന്നീട് ഉമ്പായി മ്യൂസിക് ആല്‍ബം ആക്കുന്നു. ‘കിഴക്കും പടിഞ്ഞാറും’ -യാത്രാവിവരണങ്ങള്‍, ഗ്രീന്‍ ബുക്സ്.
2006:സാഹിത്യ അക്കാദമിയില്‍ നിന്ന് വിരമിച്ചു, ഇന്ത്യാ സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഭാഷാനയോപദേഷ്ടാവ്; ആദിവാസിഭാഷകളെ ഉദ്ധരിക്കാന്‍ പ്രയത്നിക്കുന്നു. ലീപ്സിഗ്ഗ് പുസ്തകമേളയിലെ പ്രതിനിധി, ജര്‍മന്‍ സമാഹാരം ( പരിഭാഷ: അന്നക്കുട്ടി ഫിന്റസ്) ഹീഡല്‍ബര്‍ഗ്ഗില്‍ നിന്ന് പ്രസിദ്ധീകരിച്ചു, ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ വീണ്ടും; ബോണ്‍, ബെര്‍ലിന്‍, കൊളോണ്‍ നഗരങ്ങളില്‍ ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കവിതാവായന, ദില്ലി സര്‍ക്കാരിന്റെ “സാഹിത്യശ്രീ’ ബിരുദം, ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ‘നൈറ്റ്‌ഹുഡ്’ ബഹുമതി, ശ്രീ കേരളവര്‍മ്മ ജുബിലീ അവാര്‍ഡ്, ഇറ്റലിയിലെ റാവന്നയിലെ ദാന്തെ ഉത്സവത്തില്‍ പങ്കാളി, ബിന്ദുവിനോടൊപ്പം, ദാന്തെ അക്കാദമിയില്‍ ‘ഡിവൈന്‍ കോമഡി’യെക്കുറിച്ച് പ്രഭാഷണം, ദാന്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ദാന്തെ മെഡല്‍ നല്‍കി ബഹുമാനിച്ചു, നീമ്രാനയിലെ ആഫ്രോ- ഏഷ്യന്‍ സാഹിത്യ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു, ജന്മനാട്ടില്‍ ഷഷ്ട്യബ്ദപൂര്‍ത്തി സ്വീകരണവും ഡീ സീ ബുക്സിന്റെ സമ്പൂര്‍ണ്ണ കവിതാ സമാഹാരത്തിന്റെ ( മൂന്നു ഭാഗം: അകം, പുറം, മൊഴി, എഡി.റിസിയോ രാജ് ) പ്രകാശനവും, പുതിയ സമാഹാരം ‘അനന്തം’ കേരളസാഹിത്യ അക്കാദമി പ്രകാശിപ്പിച്ചു. ‘ഒന്നാം പാഠം’ ( കേരളസംബന്ധിയായ കവിതകള്‍) വിദ്യാര്‍ത്ഥിമിത്രം പ്രകാശനം, ‘മുഖാമുഖം’, പുതിയ അഭിമുഖങ്ങള്‍ മാതൃഭൂമി ബുക്സ് പ്രകാശിപ്പിക്കുന്നു. ജെ. എന്‍. യു വിലെ സ്കൂള്‍ ഓഫ് ലാംഗ്വേജസ്സില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം. നാഷണല്‍ ട്രാന്‍സ്ലേഷന്‍ മിഷന്‍ ദേശീയ ഉപദേശക സമിതി അംഗം.
2007:കവിതയ്ക്കും നിരൂപണത്തിനും എം. കുട്ടികൃഷ്ണന്‍ അവാര്‍ഡ്, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ‘വേനല്‍ മഴ’ എന്ന ഡോകുമെന്ററി; ‘കൃത്യ’ അന്തര്‍ദേശീയ കാവ്യോത്സവ ത്തില്‍ പങ്കാളി, ആദ്യത്തെ സാര്‍ക്ക് ഫോക് ലോര്‍ ഉത്സവത്തിന്റെ ഡയറക്ടര്‍; ദക്ഷിണ ഏഷ്യന്‍ സാഹിത്യഗ്രന്ഥ പരമ്പരയുടെ എഡിറ്റര്‍. ജ്ഞാന പീഠം , കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷ അവാര്‍ഡ് ഇവയുടെ ജൂറിഅംഗം. അയ്യപ്പപ്പണിക്കര്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ്. കേരളകവിതയുടെ പത്രാധിപര്‍.
2008:സാംസ്കാരികസംഭാവനയ്ക്ക് സുബ്രഹ്മണ്യ ഷേണായി അവാര്‍ഡ്, ‘എന്റെ കവിത’യുടെ പ്രകാശനം, രണ്ടാമത്തെ ഉര്‍ദ്ദു സമാഹാരം, ജയ്പൂര്‍ സാഹിത്യോത്സവം, അബുദാബി ഇന്‍ഡോ-ആരബ് സാഹിത്യോത്സവം, ചണ്ടീഗഡില്‍ ‘കൃത്യ’ കാവ്യോത്സവം, ചെന്നയിലെ പ്രകൃതി കാവ്യോത്സവം, കേരളത്തിലെ കോവളം സാഹിത്യോത്സവം, ഡല്‍ഹിയിലെ ഏഷ്യ- പസിഫിക് സാഹിത്യോത്സവം ഇവയില്‍ പങ്കാളിത്തം. ‘കേരളകവിത’യുടെ എഡിറ്റര്‍, ‘Indian Literature’-ന്റെ ഗെസ്റ്റ് എഡിറ്റര്‍, ജ്ഞാനപീഠം പുരസ്കാര നിര്‍ണയ കമ്മിറ്റി അംഗം, മൂന്നാമത്തെ ഇംഗ്ലീഷ് ലേഖന സമാഹാരം ‘Indian Literature: Paradigms and Praxis’, ആറാമത്തെ ഹിന്ദി കവിതാസമാഹാരം.’എന്റെ കവിത’ മാതൃഭൂമി ബുക്സ് പ്രകാശിപ്പിക്കുന്നു. ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറില്‍ സംസാരവും വായനയും. Indian Literature-ന്റെ ഗെസ്റ്റ് എഡിറ്റര്‍, രണ്ടു വര്‍ഷം.
2009:ബഹറീനില്‍ നിന്ന് പ്രഥമ കടമ്മനിട്ട രാമകൃഷ്ണന്‍ അവാര്‍ഡ്, ആന്ധ്രയില്‍ നിന്ന് എന്‍ ടീ രാമറാവു ദേശീയപുരസ്കാരം, സാഹിത്യ സംഭാവനയ്ക്ക് പത്മപ്രഭാ പുരസ്കാരം, അബുദാബിയില്‍ നിന്ന് കവിതകളുടെ അറബി വിവര്‍ത്തനസമാഹാരം, മോസ്കോ പുസ്തകോത്സ വത്തില്‍ മോസ്കോവിലും സെന്റ് പീറ്റഴ്സ്ബര്‍ഗിലും കവിതവായന, പുതിയ സമാഹാരം ‘മറന്നു വച്ച വസ്തുക്കള്‍’, ലേഖനസമാഹാരം ‘മലയാള കവിതാ പഠനങ്ങള്‍’. കവിതാസമാഹാരം, ‘മറന്നു വെച്ച വസ്തുക്കള്‍’. ‘Readings- ഇംഗ്ലീഷ് ലേഖന സമാഹാരം. താരതമ്യ സാഹിത്യത്തിനു ബിര്‍ളാ ഫെല്ലോഷിപ്പ്. പാരീസ് ബുക്ക് ഫെയര്‍, ലണ്ടന്‍ ബുക്ക് ഫെയര്‍ ഇവയില്‍ പങ്കാളിത്തം, ലണ്ടന്‍ നെഹ്‌റു സെന്ററിലും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ബാല്ലിയോള്‍ കോളേജിലും കവിതവായനകള്‍. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വായനയും പാനലുകളും.പിന്നെ അഞ്ചു വര്‍ഷം കൂടി ജയ്പൂര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. ‘സീ’ ഏറ്റെടുത്തതോടെ പങ്കാളിത്തം അവസാനിപ്പിക്കുന്നു; അവര്‍ വിട്ടപ്പോള്‍, 2020-ല്‍, വേണ്ടും പങ്കാളിത്തം.
2010:സാഹിത്യ നിരൂപണത്തിന് സീ പീ മേനോന്‍ സ്മാരക അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി വിവര്‍ത്തന അവാര്‍ഡ്, ‘ദര്‍ശനങ്ങളുടെ ഋതു ഭേദങ്ങള്‍’ ലേഖന സമാഹാരം, ആല്‍കെമി ഹേ ഫെസ്റ്റിവല്‍ (ഉപദേഷ്ടാവ് കൂടി) , ഇവയില്‍ പങ്കാളിത്തം, ഇഗ്നോ സര്‍വകലാശാലയില്‍ പരിഭാഷാപഠന വകുപ്പ് പ്രൊഫസര്‍-ഡയറക്ടര്‍, ഏഴാമത്തെ ഹിന്ദി കവിതാ സമാഹാരം.ജ്ഞാനപീഠം, മൂര്‍ത്തി ദേവി പുരസ്കാര നിര്‍ണയ സമിതികളില്‍ അംഗം
2011:മഹാരാഷ്ട്രയില്‍ നിന്ന് കവിതയ്ക്ക് ‘കുസുമാഗ്രജ് ദേശീയ പുരസ്കാരം’, കാനഡയിലെ മോണ്ട്രിയാല്‍ ‘ബ്ലൂ മേട്രോപൊലിസ്’ സാഹിത്യോത്സവത്തില്‍ പങ്കാളിത്തം, ഒട്ടാവ, റെജീന എന്നിവിടങ്ങളില്‍ കവിതവായനയും ചര്‍ച്ചയും, ന്യൂ യോര്‍ക്കിലെ ഐക്യരാഷ്ട്രസഭയില്‍ യുനെസ്കോവിന്റെ ആഭിമുഖ്യത്തില്‍ ‘അസഹിഷ്ണുത അവസാനിപ്പിക്കുന്നതില്‍ സാഹിത്യത്തിന്റെ പങ്ക്’ എന്ന പ്രഭാഷണം, വെയില്‍സില്‍ പരിഭാഷാകാര്യശാലയില്‍ സ്വന്തം കവിതകള്‍ വെല്‍ഷിലേക്കും, വെല്ഷ്കവിത മലയാളത്തിലേക്കും പരിഭാഷ, വെയില്‍സിലും മാഞ്ചസ്റെറിലും കവിതവായന, , മാതൃഭൂമി അവാര്‍ഡ് ജൂറിയില്‍. തിരുവനന്തപുരത്ത് വെല്‍ഷു്- മലയാളം കാവ്യപരിഭാഷാ കാര്യശാല, കേരള ഹേ ഫെസ്റിവല്‍, ഡല്‍ഹി സമന്വയ് സാഹിത്യോത്സവം, ഡല്‍ഹിയില്‍ ‘അള്‍മോസ്റ്റ് ഐലന്ഡ് ഇന്റര്‍നാഷനല്‍ ഡയലോഗ്’ തിരുവനന്തപുരത്ത് ‘കൃത്യ’ അന്തര്‍ ദേശീയ കാവ്യോത്സവം ഇവയില്‍ പങ്കാളിത്തം, പുതിയ സമാഹാരം, ‘ബഹുരൂപി’. നോബല്‍ സമ്മാനത്തിന്റെ ‘ലാഡ്ബ്രോക്’ സാധ്യതാപട്ടികയില്‍ ആദ്യത്തെ പത്തു പേരില്‍ ഒന്ന്. കേരള സാഹിത്യ അക്കാദമി ഫെല്ലോ. വെയില്‍സില്‍ പോയട്രി ഇന്റര്‍നാഷണല്‍, മാഞ്ചസ്റ്ററില്‍ പോയട്രി കണക്ഷന്‍സ് എന്നിവയില്‍ പങ്കാളിത്തം. ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍ അബ്രോഡ്’ എന്ന ഇന്ത്യ ഗവണ്മെന്റ് സംരംഭത്തില്‍ അംഗം. 11 മുതല്‍ മൂന്നു വര്‍ഷം ഹിന്ദു സാഹിത്യ സമ്മാനം ജൂറി അംഗം, മൂന്നു വര്‍ഷം മാതൃഭൂമി അവാര്‍ഡ് ജൂറി ചെയര്‍മാന്‍.
2012:‘മറന്നു വച്ച വസ്തുക്കള്‍’ക്കു കേന്ദ്ര സാഹിത്യ അക്കാദമിപുരസ്കാരം, സാഹിത്യത്തിലെ പരിസ്ഥിതി ബോധത്തിന് ‘ഗ്രീന്‍ ഇന്ത്യ എക്സെലെന്‍സ്’ അവാര്‍ഡ്, ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് സ്കോളര്‍ ആയി ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ചു പ്രഭാഷണ പരമ്പര, റോട്ടര്‍ഡാം കാവ്യോത്സവത്തില്‍ പങ്കാളിത്തം, ബിന്ദുവിന്റെ കൂടെ നെതെര്‍ലണ്ട്സ് പര്യടനം , ‘കൃത്യ’ അന്തര്‍ദേശീയ കാവ്യോത്സവം ഉപദേഷ്ടാവും പങ്കാളിയും ,ഗുവാഹത്തി ബുക്ക് ഫെയര്‍ ഉദ്ഘാടനം. ‘വിത്തും വൃക്ഷവും’ ലേഖനസമാഹാരം കേരള സാഹിത്യ അക്കാദമിയില്‍ നിന്ന്; കവിതാ വിവര്‍ത്തനസമാഹാരം, ഒന്നാം ഭാഗം ‘പടിഞ്ഞാറന്‍ കവിതകള്‍’. ഡി. എസ് സി . ദക്ഷിണേഷ്യന്‍ നോവല്‍ പുരസ്കാരം ജൂറി ചെയര്‍മാന്‍.
2013:കര്‍ണ്ണാടകയില്‍ നിന്ന് പ്രഥമ കുവേമ്പു ദേശീയപുരസ്കാരം, ദുബായി ഗള്‍ഫ് മാധ്യമത്തിന്റെ പ്രഥമ കമലാസുരയ്യ പുരസ്കാരം, സമഗ്ര സംഭാവനയ്ക്ക് കേരളസാഹിത്യപരിഷത്ത് പുരസ്കാരം, കൊളംബിയയില്‍ മെഡലിന്‍ അന്തര്‍ദേശീയ കാവ്യോത്സവത്തിലും, വര്‍ധയില്‍ ‘കൃത്യ’ അന്തര്‍ദേശീയകവിസമ്മേളനത്തിലും പങ്കാളി. പെറുവിലെ ലീമ, ക്യൂബയിലെ ഹവാന എന്നിവിടങ്ങളില്‍ കവിതവായനയും ചര്‍ച്ചകളും, ബ്രസ്സല്‍സിലെ ‘യൂറോപ്പാ’ സാംസ്കാരികോത്സവത്തില്‍ സക്കറിയയ്ക്കൊപ്പം ഇന്ത്യന്‍പ്രതിനിധി. ഹൈദരാബാദ് ഓ. വി. വിജയന്‍ അവാര്‍ഡ് ജൂറി. കവിതാ വിവര്‍ത്തനങ്ങള്‍ രണ്ടാംഭാഗം, ‘മൂന്നാം ലോക കവിത’യുടെ പ്രസാധനം.’അനുഭവം, ഓര്‍മ്മ, യാത്ര’, ‘സാഹിത്യവും പ്രതിരോധവും’ എന്നീ ലേഖന സമാഹാരങ്ങള്‍.’തഥാഗതം’ കവിതാസമാഹാരം. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും ഇംഗ്ലീഷ് ബോര്‍ഡ് കണ്‍വീനറും. ഷാര്‍ജാ ബുക്ക് ഫെയര്‍ പ്രതിനിധി.
2014:വീ സീ പത്മനാഭന്‍ മണപ്പുറം സാഹിത്യപുരസ്കാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുവര്‍ണമുദ്രാപുരസ്കാരം, കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്, കര്‍ണ്ണാടകയില്‍ നിന്ന് പുറംസാഹിത്യകാരന്മാര്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരമായ കുവേമ്പു പുരസ്‌കാരം . ‘ഗാന്ധി’ നാടകം സംക്ഷിപ്തരൂപത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തില്‍ 90 വേദികളില്‍ അവതരിപ്പിച്ചു, കേന്ദ്രസാഹിത്യഅക്കാദമി ‘ Misplaced Objects and Other Poems’ പ്രസിദ്ധീകരിച്ചു, അക്കാദമിക്ക് വേണ്ടി ഇന്ത്യാസമുദ്രതീരരാഷ്ട്രങ്ങളിലെ കവിതാസമാഹാരം ‘ Voices from the Seashore’ എഡിറ്റ് ചെയ്തു. ഗീതാ ഹരിഹരനോടൊപ്പം ‘ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം’ എന്ന പ്രതിരോധ സാഹിത്യസംഘടന രൂപീകരിച്ചു. റൊമീലാ ഥാപ്പര്‍, അനുരാധാ കപൂര്‍, ഇന്ദിര ജയ്സിംഗ്, ശ്യാം മേനോന്‍ എന്നിവര്‍ കൂടി ട്രസ്റ്റികള്‍. ഇപ്പോഴും തുടരുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം എന്ന വെബ്സൈറ്റ്, ഗുഫ്ടുഗു എന്നാ ഓണ്‍ലൈന്‍ ത്രൈമാസികം ഇവ തുടങ്ങുന്നു.’ ഇന്ത്യന്‍ കവിത’, ‘പല ലോക കവിത’ എന്നീ വിവര്‍ത്തന സമാഹാരങ്ങള്‍ മാതൃഭൂമിയില്‍ നിന്ന്. ‘നില്‍ക്കുന്ന മനുഷ്യന്‍’, പുതിയ കവിതാസമാഹാരം. സ്ലോവീനിയായില്‍ വിലെനിക്കാ കാവ്യോത്സവത്തില്‍ പങ്കാളി. പിറ്റേ വര്‍ഷവും ക്ഷണിക്കപ്പെടുന്നു.
2015:‘മലയാളം’ എന്ന കവിതയ്ക്ക് മുട്ടത്തു വര്‍ക്കി പുരസ്കാരം, സാഹിത്യ അക്കാദമിക്ക് വേണ്ടി ‘Shabad’ എന്ന ലോക കവിതാസമാഹാരവും കേദാര്‍നാഥ് സിംഗിന്റെ കവിതകളുടെ സമാഹാരവും എഡിറ്റ് ചെയ്തു, ചൈനീസ് ഭാഷയില്‍ തിരഞ്ഞെടുത്ത കവിതകളുടെ ബ്രുഹത് സമാഹാരം ബൈജിങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ചു, സിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ നാഷണല്‍ ഫെല്ലോ ആയി ക്ഷണം . പുതിയ സമാഹാരം, ‘നില്‍ക്കുന്ന മനുഷ്യന്‍’, സീ വീ പി നമ്പൂതിരി തിരഞ്ഞെടുത്ത കവിതകള്‍ ‘പ്രിയകവിതകള്‍’( ഗ്രീന്‍ ബുക്സ്) ഇവയുടെ പ്രകാശനം, , വിലേനിക പ്രൈസ് ജൂറി ചെയര്‍മാന്‍, അവര്‍ക്ക് വേണ്ടി ‘കവിത’ എന്ന പേരില്‍ സ്ലോവീനിയന്‍ ഭാഷയില്‍ വിവര്‍ത്തനത്തിനു മുപ്പതു ഇന്ത്യന്‍ കവികളുടെ സമാഹാരം ഇന്ഗ്ലീഷില്‍ എഡിറ്റ് ചെയ്തു , കൊച്ചിയില്‍ ടീ കെ രാമചന്ദ്രന്‍ സ്മാരക പ്രഭാഷണം, സ്പെയിനില്‍ നാല് നഗരങ്ങളില്‍- മാഡ്രിഡ്, ആവില, സോറിയാ, സെഗോവിയാ- കവിതവായന, കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് രാജി, അനേകം പ്രതിരോധസമ്മേളനങ്ങളില്‍ പങ്കാളിത്തം. സലാല, ദോഹ ഇവിടങ്ങളില്‍ സാഹിത്യശില്പശാലകള്‍. കന്നഡയിലെ രണ്ടാമത്തെ സമാഹാരം, ‘അക്ക ഹൊളിയുവതെ’ ( അക്ക മൊഴിയുന്നു) മോളിയുടെ വിവര്‍ത്തനം. സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡിയില്‍ നാഷണല്‍ ഫെല്ലോ ആയി ക്ഷണം. ഒരു വര്‍ഷം അവിടെ താമസം. യാത്രാകവിതകളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ ചെയ്യുന്നു, യാത്രാകവിത എന്ന കവിതാവിഭാഗത്തെക്കുറിച്ച് ഒരു പഠനവും നടത്തുന്നു. അവിടെ ഫെല്ലോകളുടെ സംഘടനയില്‍ സജീവം. ഗുലാം അലിയെ ഇന്ത്യയില്‍ വരാന്‍ ഹിന്ദുത്വവാദികള്‍ സമ്മതിക്കാത്തതിന്നെതിരെ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു. ദേശീയവാദത്തെ വിമര്‍ശിക്കുന്ന ടാഗോര്‍ പ്രഭാഷണങ്ങളെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കുന്നു. ഹിമാചല്‍ അക്കാദമിയില്‍ കവിസമ്മേളനംഉദ്ഘാടനം ചെയ്യുന്നു. ‘Summer Hill’ എഡിറ്റ് ചെയ്യുന്നു.
2016:ഡല്‍ഹിയില്‍ അജ്ഞേയ് സ്മാരകപ്രഭാഷണം, ഗുജറാത്ത് , ജയ്പൂര്‍, സമന്വയ്, തുഞ്ചന്‍ സാഹിത്യോത്സവങ്ങളില്‍ പങ്കാളിത്തം, ഡീ സിയുടെ കേരള സാഹിത്യോത്സവതിന്റെ ഡയറക്ടര്‍ ( തുടരുന്നു), സമാഹൃതകവിതകള്‍ ഇംഗ്ലീഷിലും ( The Missing Rib, Poetrywalla, Bombay ) മലയാളത്തിലും ( സച്ചിദാനന്ദന്റെ കവിതകള്‍, 1965-2015, ഡി സി ബുക്സ്)പ്രകാശനം, പെന്‍ഗ്വിന്‍-വൈകിംഗിനു വേണ്ടി പ്രതിരോധപുസ്തകം ‘Words Matter’, ഡീ സി യ്ക്ക് വേണ്ടി ‘ ഇന്ത്യ: ഫാസിസത്തിലേക്ക്?’ ഇവ എഡിറ്റു ചെയ്തു. യൂ. ഏ ഇ. സര്‍ക്കാരിന്റെ മുഹമ്മദ് ബിന്‍ റഷീദ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ പോയട്രി ഫോര്‍ പീസ്. വി. അരവിന്ദാക്ഷന്‍ സ്മാരക പുരസ്കാരം. കാഞ്ഞങ്ങാട് കാവ്യവേദി അവാര്‍ഡ്. കുട്ടികള്‍ക്ക് വേണ്ടി കവിതകള്‍ എഴുതാന്‍ തുടങ്ങുന്നു. സാഹിത്യ അക്കാദമി ഇംഗ്ലീഷ് പുരസ്കാര ജൂറി ചെയര്‍മാന്‍.
2017:‘സമുദ്രങ്ങള്‍ക്ക് മാത്രമല്ല’ എന്ന കവിതാസമാഹാരം. ‘വരൂ, ഈ തെരുവിലെ രക്തം കാണൂ’ എന്ന ലേഖനസമാഹാരം. ഒറിയ ഭാഷയില്‍ രണ്ടാമത്തെ സമാഹാരം – തെരഞ്ഞെടുത്ത കവിതകള്‍- പ്രവാസിനി മഹാകുഡ് തര്‍ജ്ജുമ ചെയ്യുന്നു. കമലാ സുരയ്യ അവാര്‍ഡ്. യു ആര്‍ അനന്തമൂര്‍ത്തി അവാര്‍ഡ്, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ‘കേസരി’ അവാര്‍ഡ്. ചെറുകഥകള്‍ വാരികകളില്‍ വരുന്നു. സാഹിത്യ അക്കാദമി ഇംഗ്ലീഷ് വിവര്‍ത്തന പുരസ്കാര ജൂറി ചെയര്‍മാന്‍.
2018:‘ആത്മഗതങ്ങള്‍” ( പ്രഭാഷണ സമാഹാരം), ‘ദക്ഷിണം’ ( യാത്രാവിവരണങ്ങള്‍), ‘തെരഞ്ഞെടുത്ത ലേഖനങ്ങള്‍’ , ‘കവിതയുടെ മുഖങ്ങള്‍’ ( ലേഖനങ്ങള്‍), ‘Not Only the Oceans’ (പുതിയ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ), ഹിന്ദിയില്‍ ഏഴാമത്തെ സമാഹാരം, ‘ചുനീ ഹുയീ കവിതായേം’, പാബ്ലോ നെരൂദയുടെ ‘ഇരുപതു പ്രണയഗീതങ്ങളും ഒരു വിലാപഗീതവും’ ( പരിഭാഷ) ഇവ പ്രസിദ്ധീകരിക്കുന്നു. ഒറീസ്സയില്‍ നിന്ന് കവി സമ്രാട്ട് ഉപേന്ദ്ര ഭാഞ്ജ അവാര്‍ഡ്, ദുബായിയില്‍ നിന്ന് ചിരന്തന കലാസമിതി അവാര്‍ഡ്, വിവര്‍ത്തനങ്ങള്‍ക്ക് ഈ കെ ദിവാകരന്‍ പോറ്റി അവാര്‍ഡ്, പി . ഗോവിന്ദപ്പിള്ള ഫൌണ്ടേഷന്‍ അവാര്‍ഡ്. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന്‍ അവാര്‍ഡ്. ജോഹന്നാസ് ബര്‍ഗില്‍ ഇന്ത്യ- സൌത്ത് ആഫ്രിക്കാ ഡയലോഗില്‍ ഇന്ത്യന്‍ പ്രതിനിധി.
2019:‘പക്ഷികള്‍ എന്റെ പിറകേ വരുന്നു; ( കവിതകള്‍), ‘പക്ഷിക്കവിതകള്‍’, ‘പശുവും പുലിയും’ ( കുട്ടിക്കവിതാ സമാഹാരങ്ങള്‍), ‘Positions’ ( ഇന്ത്യന്‍ സാഹിത്യ സംബന്ധിയായ ഇംഗ്ലീഷ് പ്രബന്ധങ്ങള്‍), ‘ചിന്തയുടെ മാനങ്ങള്‍’ -ലേഖനസമാഹാരം , ‘എന്റെ ഇന്ത്യ- എന്റെ ഹൃദയം’ ( ഫാസിസ്റ്റ് വിരുദ്ധ കവിതകള്‍) , ഞാന്‍ ഒരു ഭാഷയാണ് ‘ ( കവിതയും ഭാഷയെയും സംബന്ധിച്ച കവിതകള്‍, എഡി: കെ. വി. തോമസ് ) ഇവ പ്രസിദ്ധീകരിക്കുന്നു. ഹോംകോംഗ് കാവ്യോത്സവം, മാസിഡോണിയായിലെ സ്ട്രൂഗാ കാവ്യനിശകള്‍, കൊല്‍ക്കത്തയിലെ ഐ . പി. പി. എല്‍. കാവ്യോത്സവം ഇവയില്‍ പങ്കെടുക്കുന്നു. എഴുത്തച്ഛന്‍ പുരസ്കാര ജൂറി അംഗം. രണ്ടു വര്ഷം. നവമലയാളി സാംസ്കാരിക പുരസ്‌കാരം, കളിയച്ഛന്‍ കവിതാ പുരസ്കാരം, കെ. എസ്. എസ്. എഫ്. സാഹിത്യ പുരസ്കാരം, ബോംബെയില്‍ നിന്ന് ‘ടാറ്റാ പോയറ്റ് ലോറിയറ്റ്’ അവാര്‍ഡ്. കവിതാസമാഹാരം ജാപ്പനീസ് ഭാഷയില്‍.
2020:‘ദുഃഖം എന്ന വീട്’, ‘ഒരു ചെറിയ വസന്തം’ എന്നീ കവിതാ സമാഹാരങ്ങള്‍, അനന്തരം ( കഥാസമാഹാരം), ഒരു പ്രതിസംസ്കാരത്തിന് വേണ്ടി ( ലേഖനങ്ങള്‍), ‘The Whispering Tree’ പ്രണയ കവിതകള്‍, ഇംഗ്ലീഷ് പരിഭാഷ)) ‘ No Borders for Me’ ( യാത്രാകവിതകള്‍- ഇംഗ്ലീഷ് പരിഭാഷ) ഇവയുടെ പ്രസിദ്ധീകരണം. പെന്‍ഗ്വിന്‍ പ്രസാധകര്‍ക്കായി കോവിഡ് രോഗകാലത്തെക്കുറിച്ചുള്ള ‘Singing in the Dark” എന്ന ലോക കവിതാസമാഹാരം എഡിറ്റ് ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട അഞ്ചു പരിപാടികളില്‍ പങ്കെടുക്കുന്നു. കലിംഗ സാഹിത്യോത്സവം, ഭാഷാനഗര്‍ കാവ്യോത്സവം, മെഡലിന്‍ കാവ്യോത്സവം , ചന്ദ്ര ഭാഗാ കാവ്യോത്സവം ( എല്ലാം വര്‍ച്ച്വല്‍) ഇവയില്‍ പങ്കാളിത്തം, നാല്‍പ്പതിലേറെ വെര്‍ച്വല്‍ പ്രഭാഷണങ്ങളും വായനകളും; ഭക്തികവിതാപരിഭാഷകളില്‍ മുഴുകുന്നു. മാതൃഭൂമി സാഹിത്യസമ്മാനം, ഓ. എന്‍ . വി . കവിതാ പുരസ്കാരം ( കേരള സര്‍വ്വകലാശാല). ജയ്‌പൂര്‍, ഹൈദരാബാദ് സാഹിത്യോത്സവങ്ങളില്‍ വെര്‍ച്വല്‍ പങ്കാളിത്തം.
2021:‘ദൈവവുമായുള്ള സംഭാഷണങ്ങള്‍: കബീര്‍ കവിതകള്‍’ ‘ശിവോഹം’,‘ബുള്ളേ ഷായുടെ കവിതകള്‍’’( മാതൃഭൂമി), ‘ഓര്‍മ്മയുടെയും മറവിയുടെയും പുസ്തകം’ ഗ്രീന്‍ ബുക്സ്), ‘ഇന്ത്യ എന്ന സ്വപ്നം’ ( ബാഷോ ബുക്സ്.) കവിതാസമാഹാരം സ്പാനിഷ് ഭാഷയില്‍. ‘മലയാള കഥാ പഠനങ്ങള്‍’( മാതൃഭൂമി, അച്ചടിയില്‍) , ‘ഇടപെടലുകള്‍’ ( ലേഖനങ്ങളുടെ ബ്രുഹത് സമാഹാരം,ലോഗോസ്,) , ‘കവിതയ്ക്ക് ഒരു വീട്’ ( ഫാബിയന്‍ ബുക്സ്, അച്ചടിയില്‍), ‘ഉള്‍ക്കാഴ്ചകള്‍’ ( അഭിമുഖങ്ങള്‍, ഒലിവ് ബുക്സ്- അച്ചടിയില്‍ ), ‘ഒരു തുള്ളി ആഫ്രിക്ക’ ( യാത്രാവിവരണങ്ങള്‍ - ബാഷോ ബുക്സ്), ‘I am a Language’ (ഭാഷയെയും കവിതയും കുറിച്ചുള്ള കവിതകള്‍ -ഇംഗ്ലീഷ് പരിഭാഷകള്‍) ‘Questions from the Dead’ ( പുതിയ കവിതകള്‍- ഇംഗ്ലീഷ് പരിഭാഷകള്‍)-ഇത്രയും പുസ്തകങ്ങള്‍. സരസ്വതി സമ്മാന്‍ ജൂറിയില്‍ അംഗം. ‘ദുഃഖം എന്ന വീട്’ എന്ന കവിതാസമാഹാരത്തിനു ബഷീര്‍ പുരസ്കാരം. അനേകം ഓണ്‍ലൈന്‍ വായനകള്‍, പ്രഭാഷണങ്ങള്‍.
2022:ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കാളിത്തം. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായി നിയോഗിക്കപ്പെടുന്നു. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സമഗ്രസംഭാവനാ പുരസ്കാരം. കവിതയ്ക്ക് ‘ഈതോസ്’ സാഹിത്യപുരസ്കാരം. കൊല്ലം ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുരസ്കാരം. കതിരൂര്‍ സഹകരണ ബാങ്ക് പുരസ്കാരം. കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക പുരസ്കാരം. “കൊല്‍ക്കത്ത കോണ്‍ക്ലേവ്” കാവ്യോത്സവത്തില്‍ പങ്കാളിത്തം. കവിതകള്‍ The Penguin Book of Modern Indian Poetry, Red Hen Anthology, Future Library, The Well-Earned, Madness മുതലായ സമാഹാരങ്ങളില്‍. ഷേക്സ്പിയര്‍ ഗീതകങ്ങളുടെ പരിഭാഷ പ്രകാശനം. ‘ഇരുട്ടിലെ പാട്ടുകള്‍’ പുതിയ കവിതകളുടെ സമാഹാരം പ്രകാശനം. കേരള സാഹിത്യ അക്കാദമിയില്‍ പുതിയ പരിപാടികള്‍ അവതരിപ്പിക്കുന്നു, LGBTIQ സാഹിത്യോത്സവം, സ്ത്രീകള്‍ക്കായുള്ള സാഹിത്യ ക്യാമ്പുകള്‍, ബഹുഭാഷാ സമ്മേളനം, കവിതാ ക്യാമ്പ്, കഥാ ക്യാമ്പ് ഇവ ഉള്‍പ്പെടെ. ദേശാഭിമാനി കവിതാ പുരസ്കാരം .
2023:ജയ് പൂര്‍ സാഹിത്യോത്സവത്തില്‍ കന്നയ്യാ ലാല്‍ സേതിയാ പുരസ്കാരം. പെന്‍ഗ്വിന്‍ പ്രസാധകര്‍, നിശി ചാവ്ളയോടൊത്ത് എഡിറ്റ് ചെയ്ത GREENING THE EARTH എന്ന പരിസ്ഥിതികവിതകളുടെ ആഗോള സമാഹാരം പ്രസിദ്ധീകരിക്കുന്നു . ‘നദികള്‍ക്കടിയിലെ നദി’ പുതിയ കവിതകള്‍ ഡി സി ബുക്സില്‍ നിന്ന്. ‘തുക്കാറാമിന്റെ കവിതകള്‍’, ‘നീയും ഞാനും’ – ഭക്തി-സൂഫി കവിതകള്‍ മാതൃഭൂമിയില്‍ നിന്ന്. Orient BlackSwan നു വേണ്ടി ‘T. S Eliot’s The Wasteland: Indian Responses’ എഡിറ്റ് ചെയ്യുന്നു. ‘ഒരു തുള്ളി ആഫ്രിക്ക” ( യാത്രാ വിവരണങ്ങള്‍: ബാഷോ ബുക്സ്). ‘കവിതയ്ക്ക് ഒരു വീട് ‘ ( ലോക കവിതാ പരിഭാഷകള്‍ , മാദ്ധ്യമം ബുക്സ്). ഹിന്ദിയില്‍ അനു അനാമിക പരിഭാഷ ചെയ്ത ‘ സിദ്ധാര്‍ഥ ഓര്‍ ഗിലഹരി’ ( രാജ്കമല്‍ പ്രകാശന്‍)
2024:കേരള സാഹിത്യ അക്കാദമിയില്‍ സാര്‍വദേശീയ സാഹിത്യോത്സവം നടത്തുന്നു. നേപ്പാളില്‍ കാഠ്മണ്ടുവില്‍ ലോകകവിസമ്മേളനത്തില്‍ പങ്കാളിത്തം. നാലാം ലോകകേരളസഭയില്‍ വിശിഷ്ടാംഗം എന്ന നിലയില്‍ പങ്കെടുക്കുന്നു. ഷാര്‍ജ ദര്‍ശനവേദി വാര്‍ഷികം ഉദ്ഘാടനം. കേരളത്തില്‍ അനേകം പ്രഭാഷണങ്ങള്‍, അക്കാദമി പരിപാടികള്‍. THE BIGBRIDGE BOOK OF CONTEMPORARAY INDIAN POETRY യില്‍ കവിതകള്‍. ‘എതിര്‍ വിചാരങ്ങള്‍’ ( ലേഖന സമാഹാരം , ഗ്രീന്‍ ബുക്സ് ), ‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’ ( കഥകള്‍, ഡി സി ബുക്സ് ), ‘പഹാഡി ഒരു രാഗം മാത്രമല്ല’( കവിതകള്‍, ഡി സി ബുക്സ്). . ‘ഭാസ്കരീയം’ സാഹിത്യപുരസ്കാരം; ബാലകൃഷ്ണന്‍ നമ്പ്യാര്‍ സാഹിത്യപുരസ്കാരം ( ‘ഓര്‍മ്മകളുടെയും മറവികളുടെയും പുസ്തകം’ എന്ന ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരത്തിനു).
2025:ജന്തുകവിതകള്‍ ( കുട്ടിക്കവിതകള്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്), കണ്ണാടികള്‍ ( അഭിമുഖസമാഹാരം, ലോഗോസ് ബുക്സ്) , എത്ര ചെറിയതീ ഭൂമി ( യാത്രാകവിതകള്‍, മാതൃഭുമി ബുക്സ്), ബെസ്റ്റ് പ്രിന്റേഴ്സ് ( കഥാ സമാഹാരം, മാതൃഭുമി), നിധി ചാല സുഖമാ ( കവിതാ സമാഹാരം, മാതൃഭൂമി) എന്നീ പുസ്തകങ്ങള്‍ ‘ പാവങ്ങള്‍’ പരിഭാഷയുടെ നൂറാം വാര്‍ഷികം, പി ഭാസ്കരന്‍ ജന്മവാര്‍ഷികം, ‘വാക്കനല്‍’ കവിതാ ക്യാമ്പ് തുടങ്ങിയവയുടെ ഉദ്ഘാടകന്‍. ദേശീയമാനവിക വേദിയുടെ കേരള ചാപ്റ്റര്‍ അദ്ധ്യക്ഷന്‍. സമ്പൂര്‍ണ്ണകൃതികള്‍ ( മാതൃഭൂമി) , INDIAN MODERNITIES ( Orient BlackSwan എഡിറ്റിംഗ് ജോലി തുടങ്ങി.പുതിയ കവിതകളുടെ ഹിന്ദി പരിഭാഷാ സമാഹാരം പ്രസ്സില്‍. ടി. ഉബൈദ് സമഗ്രസാഹിത്യപുരസ്കാരം ലഭിച്ചു. സിഡ്നിയില്‍ നിന്ന് ബെവാവോ പുരസ്കാരം. ഷാര്‍ജാ പുസ്തകമേളയില്‍ പങ്കെടുത്തു